സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; ടി20 ബംഗ്ലാദേശിനെതിരായ പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. ഐപിഎല്ലിലെ പേസ് ബൗളിങ് സെൻസേഷൻ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. മായങ്കിനൊപ്പം ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, അഭിഷേക് ശർമ എന്നിവർ ഉള്‍പ്പെട്ട സ്പെഷ്യല്‍ ട്രെയിനിങ് ക്യാമ്ബില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മായങ്കിനൊപ്പം ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ആദ്യമായി ടീമിലെത്തി.
ഒക്ടോബർ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്ബതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷൻ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം. കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവരെ പരിഗണിച്ചില്ല. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്. യശസ്വി ജയ്സ്വാളിനും ശുഭ്മാൻ ഗില്ലിനും വിശ്രമം അനുവദിച്ചതും സഞ്ജുവിന് ഗുണം ചെയ്തു. ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദർ, രവി ബിഷ്ണോയ്, വരുണ്‍ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിങ്, ഹർഷിത് റാണ, മായങ്ക് യാദവ്.