പാറശ്ശാല ഷാരോണ്‍ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു കൊല നടന്നത്.
ശിക്ഷ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിൽ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. കോടതി ഗ്രീഷ്മയുടെ രേഖകൾ പരിശോധിച്ചു. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിട്ടുണ്ട്. തുടർപഠന ആവശ്യം ജഡ്ജിന് മുന്നിൽ ഗ്രീഷ്മ ഉന്നയിച്ചു. തനിക്ക് മറ്റു ക്രിമിനൽ കേസുകൾ ഇല്ലെന്നും ഗ്രീഷ്മ. പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷൻ്റെ വാദങ്ങൾ കേൾക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു ചെറുപ്പക്കാരനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കി. ക്രൂരമായ ഇടപെടൽ നടത്തി. ഒരു യുവാവിന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.