ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂരിൽ ഭക്തജനത്തിരക്ക്, അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കു കയാണ് ഭക്തർ
തൃശൂർ : ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്. അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കു കയാണ് ഭക്തർ. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകൾ കീഴടക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കുകയാണ്. പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദർശനം നടത്താൻ വരി നിൽക്കുന്നവരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് അകത്തു പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഇല്ല. പുലർച്ചെ 4:30 മുതൽ 5:30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും മുതിർന്ന പൗരന്മാർക്ക് ക്ഷേത്രത്തിൽ പ്രത്യേക ദർശനമൊരുക്കിയിട്ടുണ്ട്. ചോറൂണു കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യമുണ്ടാകും. നാട്ടുകാർക്ക് നിലവിലുള്ള രീതി തുടരുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച തിരക്കു പരിഗണിച്ച് ഇന്നുമുതൽ ബുധനാഴ്ചവരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ, വിഐപി ദർശനം ഇല്ല. വരി നിൽക്കാൻ പുറത്ത് പ്രത്യേക പന്തലുകളും നിർമിച്ചിട്ടുണ്ട്. കിഴക്കേ നടപ്പുരയും പൂന്താനം ഹാളും ഭക്തർക്ക് വേണ്ടി കൂടുതലായി ഉപയോഗിക്കും.