തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക ലേബർ റൂം; സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു
തലശ്ശേരി : ഗവ. ജനറൽ ആശുപത്രിയിൽ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ലേബര്‍ റൂം, അനുബന്ധ സൗകര്യങ്ങൾ എന്നിവ നാടിന് സമര്‍പ്പിച്ചു. ഇതോടെ ജനറല്‍ വാര്‍ഡില്‍ നൂറോളം കിടക്കകളുടെയും ഏഴ് ഐ.സി.യു ബെഡിന്റെയും വര്‍ധയാണ് ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നത്. ലയണ്‍സ് ഇന്റർനാഷനൽ നല്കിയ നാല് ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമായി. സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ആശുപത്രിയില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. പീയൂഷ് നമ്പൂതിരിപ്പാട്, എൻ.എച്ച്.എം ജില്ല പ്രോജക്റ്റ് മാനേജർ ഡോ. പി.കെ. അനില്‍കുമാര്‍, ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത എന്നിവർ മുഖ്യാതിഥികളായി. നഗരസഭ വൈസ് ചെയര്മാന് എം.വി. ജയരാജന്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. സാഹിറ, വാര്‍ഡ് കൗണ്‍സിലര്‍ ഫൈസൽ പുനത്തിൽ, കെ.പി. രാജീവ്, ടി.കെ. രജീഷ്, ജിഷി രാജേഷ്, കെ.പി. മുഹമ്മദ് നസീബ്, ഐ.എം.എ പ്രസിഡന്റ് ഡോ. സി.കെ. രാജീവ് നമ്പ്യാര്‍, ഡോ.ഇ. സജീവന്, എ.പി.എം. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന് സ്വാഗതവും ആര്.എം.ഒ ഡോ.വി. എസ്. ജിതിന് നന്ദിയും പറഞ്ഞു.