സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി; ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമേ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങൾ വറുതിയുടെ കാലമാകും. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്.