രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട; സിംഗിൾ അല്ലെന്ന് പറഞ്ഞതിന് പിന്നാലെ ‘ലഞ്ച് ഡേറ്റ്’
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാല്‍ ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ താൻ സിംഗിളല്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല.
ഇതിനു പിന്നാലെ രശ്മികയ്ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകർത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇരുവരും മാച്ച് ചെയ്ത് നീല നിറത്തിലുള്ള ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ രശ്മികയുടെ പുറംവശമാണ് കാണുന്നത്, അടുത്ത ചിത്രത്തില്‍ രശ്മിക ഡെസേർട്ട് കഴിക്കുന്നതിന്റെ മുൻവശത്ത് നിന്നുള്ള ചിത്രമാണുള്ളത്. റെഡ്ഡിറ്റിലെ പോസ്റ്റിന് താഴെ ആരാധകർ നിരവധി പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും പരസ്യമായ രഹസ്യം എന്നാണ് ഒരാള്‍ കുറിച്ചത്. ഞങ്ങള്‍ക്കറിയാമെന്ന് അവർക്കറിയാം, അവർക്കറിയാമെന്ന് ഞങ്ങള്‍ക്കുമറിയാം. പിന്നെയും എന്തിനാണ് ഈ ഒളിച്ചുകളി എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കൂവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.