ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക. ക്യാമ്പിൽ കഴിയുന്നവരെ വാഹനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് സന്നദ്ധപ്രവർത്തകർക്കും ഒപ്പമാണ് പ്രദേശത്തേക്ക് കൂടെ എത്തിക്കുക. 6 മേഖലകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദർശിക്കും. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 9 അംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാറാണ് ടീം ലീഡർ. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള നില നോക്കിയാൽ കേന്ദ്രത്തിൽനിന്ന് അനുകൂലമായ നിലയാണുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കുകയും പുനരധിവാസം ഉറപ്പുവരുത്തുകയും വേണം. അതിനായി ടൗൺഷിപ് അടക്കമുള്ള പ്രവർത്തനങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രത്തിൻ നിന്ന് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കാര്യങ്ങൾ അറിയിച്ചുകൊണ്ട് വിശദമായ കത്ത് എഴുതിയിരുന്നു.