വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു .വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരും
ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ കരുത്താർജ്ജിച്ച് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരും. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ കരുത്താർജ്ജിച്ച് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന് പുറമെ തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതും കേരളത്തിലെ മഴസാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിൽ കടലിൽ രണ്ട് ന്യൂനമർദ പാത്തികൾ സജീവമാണ്. ഇതിൽ ഒന്ന് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി ലക്ഷദ്വീപ് വരെയും, രണ്ടാമത്തേത് തെക്കുകിഴക്കൻ അറബിക്കടൽ മുതൽ കർണാടക തീരം വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെയുമാണ് നീളുന്നത്. ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മേയ് 14, 15 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴ തുടരുന്നതിനൊപ്പം മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.